Monday, August 30, 2010

“എന്‍റെ പ്രണയം നീ തന്നെ”

എന്നാണ്, നമ്മള്‍ പ്രണയിച്ചു തുടങ്ങിയത്?
പ്രണയദിനത്തില്‍ ഞാന്‍ നിനക്കയച്ച സന്ദേശം നിനക്കോര്‍മ്മയുണ്ടോ?
” ഏതൊക്കെയോ ജന്മങ്ങളില്‍
വച്ച് കണ്ടൂമുട്ടിയവരാണു നാം
ഇന്നിപ്പോള്‍ നിന്നെയോര്‍ക്കുമ്പോള്‍,
സുഖകരമായൊരു സ്മരണ നെഞ്ചിനെ അലട്ടുന്നു…”
അന്നു നമ്മള്‍ സുഹൃത്തക്കളായിരുന്നു.പിന്നെ എന്തിനാണ്, ഞാനങ്ങനെ എഴുതിയതെന്ന് മനസ്സിലാക്കന്‍ കഴിയുന്നില്ല,അല്ലെങ്കിലും നമ്മുടെ ജീവിതവും ബന്ധവും ഒരു നിഗൂഢതയായിരുന്നു എനിക്കെന്നും. മഴത്തുള്ളികളില്‍ എന്നും നീയുണ്ടായിരുന്നു,ഇന്നിപ്പോള്‍ എന്‍റെ ഓര്‍മ്മകളുടെ ഓരത്ത് നീയിരുന്നു ചിരിയ്ക്കുന്നു, നിന്‍റെ സ്പര്‍ശം,നിന്‍റെ ഉമ്മകള്‍ എല്ലാമുണ്ട്. പക്ഷേ എന്‍റെ മുഖത്തെ വിഷാദം… ആത്മാവിലലിഞ്ഞ ഭാവമായതു കൊണ്ടാകാം ഈ വിഷാദം എന്നെ വിട്ടൊഴിയാത്തത്. നീയെന്‍റെ ഇത്രയടുത്തായിട്ടും നിന്‍റെ ചുടു നിശ്വാസം എന്‍റെ കവിളുകള്‍ പൊള്ളിച്ചിട്ടും എന്‍റെ കണ്ണൂകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു. എന്തിനെന്നറിയാതെ ഞാന്‍ വിഗ്ങിക്കൊണ്ടേയിരുന്നു.
നീ പുരുഷനും ഞാന്‍ പ്രകൃതിയുമാണെന്ന് നീ ആവര്‍ത്തിക്കുമ്പോള്‍ പ്രകൃതിയില്‍ എന്‍റെ സ്വത്വത്തെ തിരിച്ചറിയാതെ വേദനിയ്ക്കുകയായിരുന്നു. പക്ഷേ എന്നോ ഒരിക്കല്‍ എന്നിലേയ്ക്കു തന്നെ പ്രകൃതി ലയിച്ചു, എന്നില്‍ നീ മഴയായ് പെയ്തപ്പോള്‍ എന്‍റെ സ്വത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നിന്റേതായിരിക്കുക മാത്രമാണ്, എന്‍റെ പൂര്‍ണതയെന്ന് ഓരോ മഴത്തുള്ളിയും എന്നെ പഠിപ്പിച്ചു. നീയാകുന്ന ഈശ്വരന്‍റെ ഓരോ അണുവിലും ഞാനുണ്ടാവുകയും അങ്ങനെ എന്നിലും നിറയെ നിന്‍റെ സുഗന്ധമുണ്ടാവുകയും. നീ ഞാനും ഞാന്‍ നീയുമല്ലാതെ ആത്മാവൊന്നായി സൂക്ഷ്മരൂപികളായി ചിലപ്പോള്‍ വായുവായി, ചിലപ്പോള്‍ സുഗന്ധമായി അങ്ങനെ ഒഴുകി നടക്കും, ചെന്നടിയുന്നത് എവിടെയെങ്കിലുമാകട്ടെ ഒപ്പം നീയുണ്ടാകുമല്ലോ എന്നുള്ളതാണ്, എന്‍റെ ധൈര്യം.

“പ്രണയം പാടുന്നു…”

എന്നാണ്, നമ്മള്‍ ആദ്യമായി കാണുന്നത്…
മറ്റേതോ ജന്‍മത്തിന്‍റെ ഏതൊക്കെയോ കല്‍പ്പടവുകളില്‍ വച്ചാണെന്നു തോന്നുന്നു… അന്നും നീ ഇതുപോലെ, നനവൂറുന്ന കണ്ണുകളും, നനുത്ത പുഞ്ചിരിയും.
എന്നോടു ക്ഷമിക്കൂ, എനിക്കു വയ്യ നീ എന്നു പറയാന്‍. പ്രണയം രണ്ടല്ല ഒന്നാണെങ്കില്‍ നമ്മളും ഒന്നല്ലേ,പിന്നെന്തിനു നീ…ഞാന്‍…
പ്രണയം സ്വാര്‍ത്ഥതയാണെന്ന് നീ പറയുമോ?
ഒരുപക്ഷേ ആവാം നിന്നെ എന്‍റെ പേരിട്ടു വിളിക്കാനാണ്, എനിക്കിഷ്ടം.
ഞാനും എന്നിലെ ഞാനും, ആത്മാവും ഈശ്വരനും പോലെ ഒന്നായ്ച്ചേര്‍ന്നു പോയിരിക്കുന്നു.
നെഞ്ചിലൊരു വേദന… ഹൃദയം വിങ്ങിപ്പിടയുന്ന പോലെ…
ഇതാണോ പ്രണയത്തിന്‍റെ സുഖം?
പണ്ടാരോ തന്ന ഓട്ടോഗ്രാഫിലെ വരികള്‍ എന്നേത്തേടി വരുന്നു,
“പൂപ്പാത്രത്തിലെ പുത്തനിലകള്‍
തുറന്നിട്ട ജനാല
ധ്യാനിയ്ക്കുവാനൊരു പുസ്തകം
സ്നേഹിക്കുന്ന ഒരാളുടെ കരം,
ഇത്രയും മതി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകാന്‍”
എഴുതിയആള്‍ സ്വന്തം ഹൃദയം കീറിമുറിച്ച് വാക്കുകളെ കൊന്നൊടുക്കി അപ്രത്യക്ഷനായിരിക്കുന്നു.
നീലമഷി തന്ന വരികള്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഞാനോ കീറിമുറിയ്ക്കാന്‍ ഹൃദയം പോലുമില്ലാതെ നിന്റെ ഹൃദയം കടം കൊണ്ട് ജീവിതം തീര്‍ക്കുന്നു.
ഇന്നു പകല്‍ ഞാന്‍ ഒരുപാട് കരഞ്ഞു.,നിന്നോടുള്ള പ്രണയം എന്‍റെ ഹൃദയം കവിഞ്ഞ് ഒഴുകുന്നു,ഒടുവില്‍ പുഴയാകുന്നു, കടലാകുന്നു,ഒരവസാനവുമില്ലാതെ ഒഴുക്കു മാത്രം.
എനിക്കു സഹിക്കുവാന്‍ വയ്യ പ്രണയത്തിന്‍റെ തീവ്രവേദന . നാം രണ്ടായിരുന്നെങ്കില്‍…
എന്‍റെ ഹൃദയം എന്നില്‍ ഇരുന്നിരുന്നെങ്കില്‍,എനിക്കു വേദനിയ്ക്കുമായിരുന്നോ…
പക്ഷേ ആത്മാവിനും ഈശ്വരനും രണ്ടായിരിക്കാന്‍ കഴിയുമോ..
ഒരിക്കലുമില്ല…
അതുപോലെ എനിക്കും നിന്നില്‍നിന്ന് അടരാന്‍ കഴിയില്ല,
മെഴുകു പോലെ നിന്‍റെ പ്രണയത്തില്‍ വീണുരുകാനല്ലാതെ മറ്റൊന്നിനും എന്നേക്കൊണ്ടു കഴിയില്ല